മലപ്പുറം: മകന്‍ ഹാരിസിന്‍റെ കൊലയാളികളെന്ന് സംശയിക്കുന്നവരെ കാണാൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് സാറാബി. വിദേശത്തായിരുന്ന മകന്‍റെ കൊലയാളികൾ എന്ന് സംശയിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്‌തുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മകൾ ഹാരിഫയ്‌ക്കൊപ്പം സാറാബി സ്റ്റേഷനിൽ എത്തിയത്. തിങ്കളാഴ്‌ച(18.07.2022) വൈകുന്നേരം ആറ് മണിയോടെ സ്റ്റേഷനിലെത്തിയ അവർ പ്രതികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചന്തക്കുന്ന് സ്വദേശികളായ കുത്രാടൻ അജ്‌മൽ, പൂളകുളങ്ങര, ഷബീബ് റഹ്മാൻ, വണ്ടൂർ സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ കൊല ചെയ്‌ത നിലമ്പൂർ സ്വദേശി ഷൈബിൻ അഷറഫും സംഘവുമാണ് ഹാരിസിനെ അബുദാബിയിൽ കൊല ചെയ്‌തതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയതായാണ് സൂചന. ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം വാഴക്കാലയിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷാബാ ഷെരീഫിന്‍റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ ഇവർ 65 ദിവസത്തിന് ശേഷമാണ് പിടിയിലാവുന്നത്.
തന്‍റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന് ഹാരിസിന്‍റെ മാതാവ് സാറാബി പറഞ്ഞു. ഷൈബിന്‍ അഷറഫിന്‍റെ നേത്യത്വത്തില്‍ 13 അംഗ സംഘം ഹാരിസ് മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കുന്നമംഗലം പൊലീസിലും മുഖ്യമന്ത്രിക്കും ഹാരിസ് മരിക്കുന്നതിന് മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നു.
2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസ് ആത്മഹത്യ ചെയ്‌തുവെന്ന് വിവരം ലഭിച്ചത്. തലേദിവസവും അബുദാബിയില്‍ നിന്ന് വിളിച്ച് ഉമ്മയ്‌ക്ക് എന്താണ് കൊണ്ടുവരേണ്ടതെന്ന് ചോദിച്ചിരുന്നു. തന്‍റെ മകനെ കൊന്നത് ഷൈബിന്‍ അഷറഫിന്‍റെ നിര്‍ദേശപ്രകാരമാണ്.
മകന്‍റെ ഭാര്യയേയും ഷൈബിന്‍ അഷറഫിനെയും കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് മകന്‍ ഭാര്യയെ തലാഖ് ചൊല്ലിയിരുന്നു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ് ഭര്‍ത്താവ് ബീരാന്‍ കുട്ടി മരിച്ചതെന്നും സാറാബി പറഞ്ഞു. മകന്‍റെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് തന്‍റെ ജീവിതത്തിലെ ഏക ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
അബുദാബി പൊലീസിന് കഴിയാത്തതാണ് നമ്മുടെ പൊലീസിനായത്. ജില്ല പൊലീസ് സൂപ്രണ്ട്, നിലമ്പൂര്‍ ഡിവൈ.എസ്.പി, നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടർ, അന്വേഷണ സംഘത്തിലെ പൊലീസുകാര്‍ എന്നിവര്‍ക്ക് സാറാബി നന്ദി പറഞ്ഞു.
തന്‍റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് ഉണ്ടായിരുന്നുവെന്ന് സഹോദരി ഹാരിഫ പറഞ്ഞു. ഷൈബിന്‍ അഷറഫിന്‍റെ മുഖ്യ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഇയാള്‍ക്കൊപ്പം മാനേജരായിരുന്ന യുവതിയെയും ഷൈബിന്‍ അഷറഫിന്‍റെ നിര്‍ദേശപ്രകാരം ഇവര്‍ കൊല ചെയ്‌തിരുന്നതായാണ് സൂചന.