മലപ്പുറം: പത്തുമണി പൂക്കളിലൂടെ മികച്ച വരുമാനം നേടുകയാണ് മലപ്പുറം കോഡൂരിലെ ഹബീബ്. ഒറ്റതറയിലെ വീട്ടിലും ചെമ്മൻകടവിലെ കടയുടെ മുകളിലുമായി 110ലധികം ഇനത്തിലുള്ള പത്തുമണി പൂക്കളാണ് ഹബീബും കുടുംബവും പരിചരിക്കുന്നത്. സിൻഡ്രല്ല, പർസലൈൻ തുടങ്ങിയ വിദേശ ഇനങ്ങളും ഹബീബിന്‍റെ പൂന്തോട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. തായ്‌ലന്‍റില്‍ നിന്നും ബ്രസീലില്‍ നിന്നുമൊക്കെയുള്ള പത്തുമണി പൂക്കളുടെ ഇനങ്ങൾ കോഡൂരിലെ വീട്ടുമുറ്റത്ത് വിരിഞ്ഞുനില്‍ക്കുന്നു. കൊത്തുപണി ഉപജീവനമാക്കിയിരുന്ന ഹബീബ് പൂക്കളുടെ വില്‍പന ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി.
ഒരു സെറ്റ് പത്തുമണി പൂക്കളുടെ ചെടിക്ക് പത്ത് രൂപ മുതൽ 150 രൂപ വരെയാണ് വില. ഭാര്യ സുബിന മക്കളായ ഹംന, ഹൽന, ഹഫ്‌ന എന്നിവരും പരിചരണത്തിന് കൂട്ടായി ഒപ്പമുണ്ട്. മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത് ചട്ടികളിലും ഗ്രോബാഗുകളിലുമാണ് ചെടികൾ നടുന്നത്. ദിവസവും ഒരു നേരം നനയ്‌ക്കും. 15 ദിവസത്തിനുള്ളില്‍ പൂക്കൾ വിരിയാൻ തുടങ്ങും. സമൂഹമാധ്യമങ്ങളിലൂടെയാണ് വില്‍പന.