മലപ്പുറം: ഗിന്നസ് വേൾഡ് റെക്കോഡിൽ വീണ്ടും ഇടം പിടിക്കാൻ തയാറെടുപ്പുകൾ നടത്തി ഗിന്നസ് സെയ്തലവി. നാല് ഗിന്നസ് റെക്കോഡുകൾ സെയ്തലവിയുടെ പേരിൽ നിലവിലുണ്ട്. ഇത്തവണ 75 പേരുടെ തലയിൽ നിരത്തിവെച്ച പൈനാപ്പിളുകൾ 29 സെക്കന്‍റില്‍ വെട്ടിയാണ് ഇന്തോനേഷ്യന്‍ പൗരന്‍റെ പേരിലുള്ള റെക്കാഡ് (61) എണ്ണം മിറകടന്നത്.
തുടർന്ന് നാൽപ്പത്തി മൂന്ന് സെക്കന്‍റില്‍ 883കിലോ തൂക്കം വരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്ക് അടിയില്‍ കിടന്ന് അത് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. കൂര്‍ത്ത് ആണികള്‍ തറച്ച മരപ്പലകകൾക്ക് മുകളില്‍ സെയ്‌തലവി കിടക്കുകയും മുകളില്‍ 59, 60 കിലോ വീതം ഭാരമുള്ള 15 കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വയ്‌ക്കുകയും ചെയ്‌തായിരുന്നു പ്രകടനം.
പ്രകടനത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ഗിന്നസ് പ്രതിനിധികളുടെയും ശുപാര്‍ശയോടെ ലണ്ടനിലെ ഗിന്നസ് അധികാരികള്‍ക്ക് അയച്ചു കൊടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അംഗീകാരം നേടുന്നതോടെ സെയ്‌തലവിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഇതിന് മുമ്പ് 2016ല്‍ മോസ്റ്റ് ലെയേഡ് ബെഡ് ഓഫ് നെയില്‍സ്, മോസ്റ്റ് വാട്ടര്‍ മിലന്‍ ചോപ്‌സ് ഓണ്‍ ദ സ്റ്റൊമക്ക്, മോസ്റ്റ് നെയില്‍സ് ഹാമേഡ് വിത്ത് ദി ഹെഡ് ഇന്‍ വണ്‍ മിനുട്ട് തുടങ്ങി നാലിനങ്ങളില്‍ സെയ്‌തലവി ഗിന്നസ് അര്‍ഹനായിട്ടുണ്ട്. നാല് ഗിന്നസുള്ള ആദ്യത്തെ മലയാളിയാണ് സെയ്തലവി.