മലപ്പുറം: ലഹരിക്കെതിരെയുള്ള പ്രതിരോധം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. നാളത്തെ കേരളം ലഹരി മുക്ത നവ കേരളം' എന്ന സന്ദശത്തോടെ സാമൂഹ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിമുക്തി 90 തീവ്ര യത്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്‌തു. കലക്‌ട്രേറ്റിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയാൻ കുടുംബ പശ്ചാത്തലം ലഹരി മുക്തമാക്കണം, വിദ്യാലയങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലർത്തുകയും ചെയ്താൽ ലഹരിയുടെ ഉപയോഗത്തിൽ നിന്നും മാറി നിൽക്കാൻ ഉള്ള സാഹചര്യം കുട്ടികൾക്ക് ലഭിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ മുരളീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ബാലകൃഷ്ണൻ, ജില്ലാ വിമുക്തി മിഷൻ ഡയറക്ടർ കെ. ബാബു, സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും പരിപാടിയില്‍ പങ്കെടുത്തു.