മലപ്പുറം: പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഏലംകുളം പഞ്ചായത്തിലെ എളനാട് കുഴിത്തറയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. എളനാട് കുഴിത്തറ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകൾ ദൃശ്യയാണ് (21) മരിച്ചത്.
സംഭവത്തില്‍ പൊതുവയൽ കോണ്ടപ്പറമ്പ് വീട്ടിൽ വിനീഷ് വിനോദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.പ്രണയ- വിവാഹാഭ്യര്‍ഥനകള്‍ നിരസിച്ചതാണ് ആക്രമണകാരണം. പ്രതി ദൃശ്യയെ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
Also Read: നിലമ്പൂരിൽ കനത്ത മഴ; മതിൽമൂല കോളനിയിൽ ഇക്കുറിയും വെള്ളം കയറി
വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വീടിന്‍റെ രണ്ടാം നിലയിലെ റൂമിൽ കയറിയ പ്രതി മൂര്‍ച്ചയുള്ള കത്തി കൊണ്ട് ദൃശ്യയെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരി ദേവശ്രീ (13)ക്കും കുത്തേറ്റു.
13 കാരി ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പെൺകുട്ടിയുടെ പിതാവിന്‍റ, പെരിന്തൽമണ്ണയിലുള്ള സി.കെ സ്‌റ്റോഴ്‌സിന് തീവച്ചിരുന്നു. ഇതും 21 കാരന്‍ ചെയ്തതാണെന്നാണ് വിവരം.