മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിൽ മലപ്പുറം വണ്ടൂരിൽ കുടുംബശ്രീ ഹോട്ടൽ വക സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്‌തു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് സർപ്രൈസ് വെളിപ്പെടുത്തിയത്.
ചോറ്, സാമ്പാർ, മീൻകറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാർ, മസാലക്കറി, പപ്പടം, പായസം മുതലായവയായിരുന്നു വിഭവങ്ങൾ. ഓർഡർ ചെയ്തവർക്ക് മുന്നിൽ എത്തിയതെല്ലാം ഒരേ ഭക്ഷണം. അങ്ങാടിയിലെ കച്ചവടക്കാർ, വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരാണ് പതിവായി ഇവിടെ ഉച്ചഭക്ഷണത്തിനെത്താറുള്ളത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്.
ALSO READ:സ്‌കൂളുകൾ നാളെ (14.02.22) തുറക്കും; 21 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ
സിഡിഎസ് അംഗവും വണ്ടൂർ കുടുംബശ്രീ ഹോട്ടൽ പ്രസിഡന്‍റുമായ കെ.സി നിർമലയുടെ നേതൃത്വത്തിലാണ് സൗജന്യ ഭക്ഷണം ഒരുക്കിയത്. വാവ സുരേഷിന് കടിയേറ്റ് ആശുപത്രിൽ പ്രവേശിപ്പിച്ച സമയത്ത് പ്രാർത്ഥനക്കൊപ്പം മനസിൽ കരുതിയതാണ് വാവ സുരേഷ് വീട്ടിൽ തിരിച്ചെത്തുന്ന ദിവസം ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന കാര്യം. അതില്‍ സന്തോഷമുണ്ടെന്ന് കെ.സി നിർമല പറഞ്ഞു.
കൊവിഡ് വ്യാപന കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നിർമലയും കുടുംബശ്രീ ഹോട്ടലും.