മലപ്പുറം: തഞ്ചാവൂരിലേക്ക് നടന്നുപോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളെ മലപ്പുറം പൊലീസ് കവുങ്ങലിൽ തടഞ്ഞു. ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കോട്ടയ്‌ക്കല്‍ പുതുപ്പറമ്പില്‍ നിന്നും നാലംഗസംഘം തഞ്ചാവൂരിലേക്ക് കാല്‍നട യാത്ര തിരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഇവരെ കവുങ്ങലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംശയത്തിന്‍റെ പേരില്‍ തടഞ്ഞുനിർത്തുകയായിരുന്നു. തഞ്ചാവൂരിൽ താമസിക്കുന്ന മകന് കടുത്ത പനിയാണെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർ യാത്ര തിരിച്ചതെന്ന് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പിനെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാർ ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആംബുലന്‍സില്‍ താമസസ്ഥലത്തേക്ക് മടക്കിയയച്ചു.