മലപ്പുറം: ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് വഴി ലക്ഷങ്ങൾ കൊള്ളയടിച്ച സംഘം മലപ്പുറം താനൂരിൽ പൊലീസിന്‍റെ പിടിയിലായി. ലോൺ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷം പണം കൈക്കലാക്കിയിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തിൽ തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൻ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.
താനൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ബെംഗളൂവിരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്,16 എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവയും സംഘത്തിൽ നിന്നും താനൂർ പൊലീസ് പിടിച്ചെടുത്തു. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങിയതായി പൊലീസ് പറഞ്ഞു.
ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസതിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവീസ് ചാർജ് എന്നീ ഇനങ്ങളിൽ ഒന്നര ലക്ഷം മുതലുള്ള തുക പ്രതികൾ മുൻകൂർ വാങ്ങും. ശേഷം ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങും. വ്യാജ രേഖകൾസമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്ന പ്രതികളെ ബെംഗളൂരിലെ വിരുത് നഗറിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
Also read: കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട