മലപ്പുറം: പോത്തുകല്‍ പഞ്ചായത്തിലെ പ്രളയദുരിത ബാധിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന് ഭൂമി വിട്ടുനല്‍കാന്‍ തയാറായവരുടെ ഭൂമിയുടെ പരിശോധന ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ നടന്നു. പോത്തുകല്‍ പഞ്ചായത്തിലെ ആനക്കല്ലിലെ മൂന്നരയേക്കറും പനങ്കയം കൂവക്കോലിലെ ആറേമുക്കാന്‍ ഏക്കറും ഭൂദാനം മച്ചിക്കൈ ചെമ്പ്ര കോളനിക്ക് സമീപം രണ്ടിടങ്ങളിലായുള്ള പതിനെട്ട് ഏക്കറും മുണ്ടേരിയിലെ പന്ത്രണ്ട് ഏക്കറും എടക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഭൂമിയുമാണ് ജില്ല കലക്‌ടറും സംഘവും ശനിയാഴ്‌ച പരിശോധന നടത്തിയത്.
കവളപ്പാറ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കാന്‍ തയാറുള്ളവരില്‍ നിന്നും കഴിഞ്ഞ മാസമാണ് ജില്ലാ ഭരണകൂടം അപേക്ഷ സ്വീകരിച്ചിരുന്നത്. പതിമൂന്നോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിന്മേലുള്ള പരിശോധനയാണ് ശനിയാഴ്ച നടന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്‌ടര്‍ പുരുഷോത്തമന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സി. സുഭാഷ് ചന്ദ്രബോസ്, പോത്തുകല്‍ വില്ലേജ് ഓഫീസര്‍ റെനി വര്‍ഗീസ്, ജില്ലാ ജിയോളജി വിഭാഗം, ജില്ല മണ്ണ് സംരക്ഷണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്ഥലപരിശോധനക്ക് ശേഷം ബന്ധപ്പെട്ടുള്ള കമ്മിറ്റി യോഗം ചേര്‍ന്ന് ഏത് ഭൂമി ഏറ്റെടുക്കണമെന്ന് തീരുമാനിക്കും.