മലപ്പുറം:നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുന്നു. ജനുവരി നാലാം തീയതി വീഡിയോ കോൺഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വനിത ഹെൽപ്പ് ലൈൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പുതുക്കിപ്പണിതാണ് പുതിയ വനിതാ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും ഒരു വനിതാ പൊലീസ് സ്റ്റേഷൻ എന്ന നയത്തിന്‍റെ ഭാഗമായി 2015 ലാണ് ജില്ലയില്‍ വനിതാ പൊലീസ് സ്റ്റേഷൻ തുടങ്ങുവാന്‍ തീരുമാനമായത്. 2019ലാണ് സ്റ്റേഷന്‍റെ ഉദ്‌ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും പണി തീരാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. വനിതാ സ്റ്റേഷൻ യാഥാര്‍ഥ്യമാകുന്നതോടുകൂടി സ്ത്രീകളുടെ പരാതികൾ നേരിട്ട് ബോധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകുന്നതാണ്.
തിരൂരിൽ തുടങ്ങുന്ന പുതിയ കൺട്രോൾ റൂമിന്‍റെയും, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും അന്നേദിവസം തന്നെ വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി നിർവഹിക്കുന്നതാണ്.