മലപ്പുറം: കളിപ്പാട്ടം വയറിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് അഗ്നിരക്ഷാ സേന രക്ഷകരായി. തിങ്കളാഴ്ച ഉച്ചയോടെയാണ് വണ്ടൂർ മലക്കരക്കുന്ന് ആലപ്പാടൻ അബ്ദുൽ സമദിൻ്റെ മൂന്ന് വയസ്സുകാരനായ മകൻ അൻഫാസിൻ്റെ വയറിന് മുകളിലായി ചൈനീസ് നിർമിത റോബോട്ട് കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചെങ്കിലും കളിപ്പാട്ടം വേർപെടുത്താനായില്ല. തുടർന്ന് നിലമ്പൂർ അഗ്നി രക്ഷാ സേനയെ ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം രക്ഷിതാക്കൾ കുട്ടിയുമായി സ്റ്റേഷനിൽ എത്തി.
നിലമ്പൂർ ഫയർ ആന്‍റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ സ്‌പ്രെഡറുപയോഗിച്ച് കളിപ്പാട്ടം വേർപെടുത്തുകയായിരുന്നു. കുട്ടിയുടെ വയറിൽ ചെറിയ മുറിവുമാത്രം ആണ് ഉണ്ടായത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഒകെ അശോകൻ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ ഇഎം ഷിൻ്റു, വി സലീം, വൈപി ശറഫുദ്ധീൻ, എം നിസാമുദ്ധീൻ, കെപി അമീറുദ്ധീൻ, ഐ അബ്ദുള്ള, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഡ്രൈവർ എകെ ബിപുൽ എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജീവനക്കാർക്ക് നന്ദി അറിയിച്ചാണ് അൻഫാസും കുടുംബവും മടങ്ങിയത്.