മലപ്പുറം: കൊവിഡ് കാലത്ത് മാതൃകാ സേവനവുമായി ഫയർ ഫോഴ്‌സ്. ലോക്‌ഡൗൺ കാരണം മരുന്ന് ലഭിക്കാതെ വലഞ്ഞ ചുങ്കത്തറയിലെ വൃദ്ധ ദമ്പതിമാർക്കാണ് ഫയർ ഫോഴ്‌സ് സഹായ ഹസ്‌തവുമായി പറന്നെത്തിയത്. എറണാകുളത്ത് നിന്നാണ് ഇവർക്ക് ഫയർ ഫോഴ്‌സ് മരുന്ന് എത്തിച്ച് നല്‍കിയത്.
മരുന്ന് ലഭിക്കാൻ ഒരു വഴിയുമില്ലാതെ പ്രതിസന്ധിയിലായിരിക്കെയാണ് ദമ്പതികൾ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്‍റെ കൊവിഡ് കാലത്തെ മാതൃകാ സേവനത്തെക്കുറിച്ചറിയുന്നത്. ഉടൻ 101ൽ വിളിച്ചു. എറണാകുളം ഗാന്ധി നഗർ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് ഇവർക്ക് മറുപടി ലഭിച്ചു. രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തുന്നു.
ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജോയ് കെ.പീറ്റർ, ബി.എസ് ശ്യാംകുമാർ, എ.പി ഷിഫിൻ എന്നിവർ ജീപ്പുമായി നിലമ്പൂരിലേക്ക് തിരിച്ചു. ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ.ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്‌സാപ്പ് വഴി മരുന്ന ലഭിക്കേണ്ട മേല്‍വിലാസം കൈമാറി. വൈകിട്ട് മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തുന്നു.
നാല് മണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്ക് മരുന്ന് കൈമാറി. ചുങ്കത്തറ രാമച്ചംപാടത്തെ വിലങ്ങാട്ട് സേവ്യർ, ഭാര്യ ഏലിയാമ്മ സേവ്യർ, കുറ്റിമുണ്ട മരിയസദനത്തിൽ കോട്ടപ്പറമ്പിൽ ജേക്കബ് എന്നിവർക്കാണ് സംഘം മരുന്നെത്തിച്ച് നൽകിയത്. ലോക്‌ഡൗൺ കാരണം അത്യാവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവർക്ക് 101ൽ വിളിച്ചാൽ ഫയർ സർവീസിന്‍റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്‌ടർ ജനറൽ അറിയിച്ചിരുന്നു. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം. അബ്‌ദുല്‍ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.എസ് പ്രദീപ്, കെ. മനേഷ്, എം.കെ സത്യപാലൻ എന്നിവരാണ് മരുന്നുമായി എത്തിയവർക്ക് വഴികാട്ടികളായി.