മലപ്പുറം: നിലമ്പൂർ മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ഫയർ ഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തി. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തിയത്. വേനൽ കടുക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ബി. ന്ധ്യ ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും ഫയർ ഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തുന്നത്. നിലമ്പൂർ, പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളിലെ അഞ്ച് പമ്പുകളിലാണ് പരിശോധന നടന്നത്.
പല പമ്പുകൾക്കും ഫയർ ഫോഴ്‌സിന്‍റെ സാധുവായ എൻ. ഒ. സി. ഇല്ല എന്ന് കണ്ടെത്തി. ചിലയിടങ്ങളിൽ പ്രവർത്തനക്ഷമമല്ലാത്ത പ്രാഥമിക അഗ്നിശമന ഉപകരണങ്ങളും കണ്ടെത്തി. അവ പ്രവർത്തിപ്പിക്കുന്നതിന് പ്രായോഗിക പരിജ്ഞാനമില്ലാത്ത പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്‌തു. അടിയന്തിരമായി ഫയർ എൻ. ഒ. സി നേടുന്നതിന് പമ്പുടമകൾക്ക് നിർദ്ദേശം നൽകി. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർക്കും റിപ്പോർട്ട് സമർപ്പിക്കും. മേഖലയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.