മലപ്പുറം: ലോക്‌ഡൗണിനെ തുടർന്ന് രോഗികൾക്ക് വീടുകളിലേക്ക് മരുന്നെത്തിക്കുകയാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി രോഗികൾക്ക് മരുന്നെത്തിച്ചു നൽകുന്നതിനിടെയാണ് ഇന്നലെ രാത്രി അതിർത്തിക്കപ്പുറത്തുനിന്ന് ഫയർ ഫോഴ്‌സിന് കോൾ വരുന്നത്. തമിഴ്‌നാട് സ്വദേശി ദേവാല മൂച്ചിക്കുണ്ട് എം.പി. മുഹമ്മദ് മുസ്‌തഫയായിരുന്നു ആവശ്യക്കാരൻ. ക്യാൻസർ രോഗിയായ ബന്ധുവിന് വേണ്ടിയായിരുന്നു മരുന്ന് എന്നറിയിച്ച മുസ്‌തഫ തുടർന്ന് വാട്‌സ് ആപ്പ് വഴി ഡോക്‌ടറുടെ കുറിപ്പ് ഫയർഫോഴ്‌സിന് അയച്ചു നൽകി.
അതേ സമയം തന്നെ ഫോണിൽ ബന്ധപ്പെട്ട ഒരാളും കോഴിക്കോട് നിന്ന് അതേ മരുന്നുകൾ ആവശ്യപ്പെട്ടു. ഇരുവർക്കും കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്‍ററിൽ നിന്നുള്ള മരുന്നാണ് വേണ്ടിയിരുന്നത്. തുടർന്ന് മുക്കം ഫയർസ്റ്റേഷനുമായി ബന്ധപ്പെട്ട് മരുന്ന് വാങ്ങുകയും തുടർന്ന് നിലമ്പൂരിൽ എത്തിക്കുകയുമായിരുന്നു. രാവിലെ തന്നെ രണ്ടു സംഘങ്ങളായി പിരിഞ്ഞ് ഇരുവരുടെയും വീടുകളിലേക്ക് ഫയർഫോഴ്‌സ് മരുന്നു എത്തിച്ചു നൽകി. കൊവിഡ് കാലത്ത് അതിർത്തികൾക്കപ്പുറം മാനവികതയുടെ പുതിയ തലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയാണ് കേരള ഫയർ ഫോഴ്‌സ്.