മലപ്പുറം: വേനല്‍ അടുത്തതോടെ നിലമ്പൂര്‍ മേഖലയില്‍ തീപിടിത്തം വ്യാപകമാകുന്നു. എടവണ്ണയിലെ പന്തീരായിരം വനമേഖലയിൽ 15 ദിവസത്തിനിടെ ചെറുതും വലുതുമായ ഏഴ് തീപിടിത്തങ്ങളാണുണ്ടായത്. കഴിഞ്ഞ ഞായറാഴ്‌ച ആര്യവല്ലിക്കാവിലും ചക്കാലക്കുത്ത് ആയുർവേദ ആശുപത്രിക്ക് സമീപവും തീപിടിത്തമുണ്ടായി. ഈ വർഷം മാത്രം 46ലധികം തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
കാട്ടുതീ തടയാൻ ലക്ഷങ്ങൾ ചെലവഴിച്ച് വനംവകുപ്പ് ഫയർ ലൈൻ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ലെന്നാണ് ആരോപണം. റബർ തോട്ടങ്ങളിലും ഇതിനകം നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വന സംരക്ഷണത്തിനായി വനം വകുപ്പില്‍ കൂടുതൽ അംഗങ്ങളെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.