മലപ്പുറം : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, അത്തരത്തില്‍ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടൽ ഉടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ കേസെടുത്തതെന്ന് വേങ്ങര പൊലീസ് അറിയിച്ചു. വ്യാജ പരാതിയുടെ പേരിൽ സംഘം ഫോണിലൂടെ 40,000 രൂപ ആവശ്യപ്പെട്ടതായാണ് ഹോട്ടൽ ഉടമ പൊലീസിനെ അറിയിച്ചത്.
ആദ്യം 40,000 രൂപ ആവശ്യപ്പെട്ട പ്രതികൾ പിന്നീടിത് 25,000 രൂപയായി കുറച്ചെന്നും എന്നാൽ പണം നൽകുന്നതിന് പകരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും ഉടമ പറയുന്നു. കൂടാതെ ഫോൺ സംഭാഷണത്തിന്‍റെ റെക്കോഡിങ് ഇയാൾ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം ഹോട്ടൽ ഉടമയെ വിളിച്ച ഫോൺ നമ്പറിന്‍റെ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മറ്റ് നാല് പേരിലേക്ക് അന്വേഷണം എത്തിയതും അറസ്റ്റുണ്ടായതും.
നേരത്തേ വേങ്ങരയിലെ മറ്റൊരു ഹോട്ടലിൽ നിന്നും സമാനമായ പരാതി ലഭിച്ചതായും, വ്യാജ പരാതിയുടെ പേരിൽ ഹോട്ടൽ ഉടമയിൽ നിന്നും 35,000 രൂപയോളം തട്ടിയെടുത്തതായും പൊലീസ് പറയുന്നു.
എന്നാൽ ഈ കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. മുമ്പത്തെ സംഭവത്തിലെ പ്രതികൾ ഈ സംഘത്തിലുൾപ്പെട്ടവർ തന്നെയാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.