മലപ്പുറം : നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ പ്രതിയായ റിട്ടയേര്‍ഡ് എസ്.ഐ സുന്ദരന്‍ സുകുമാരനെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് (ഓഗസ്റ്റ് 20) ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇയാളെ ഷൈബിന്‍റെ മുക്കട്ടയിലെ വീട്ടിലെത്തിച്ച് നിലമ്പൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് അവിടെ ചെന്നിട്ടില്ലെന്നും അതിന് മുമ്പും ശേഷവും അവിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ(ഓഗസ്റ്റ്19) വയനാട്ടിലെ പ്രതിയുടെ വീട്ടിലും ഷൈബിന്‍ അഷ്‌റഫിന്‍റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലും നിലവില്‍ പണി പൂര്‍ത്തീകരിച്ച വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് നിയമോപദേശം നല്‍കിയിരുന്നതായി പ്രതി മൊഴി നല്‍കി. നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
എന്നാല്‍ അന്വേഷണത്തോട് ഇയാള്‍ കാര്യമായി സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. സുന്ദരന്‍ ഒളിവിലായിരുന്ന സമയത്ത് ഇയാള്‍ താമസിച്ചതായി പറയുന്ന സ്ഥലങ്ങളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം സുകുമാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. ഷൈബിനുമായി ചേര്‍ന്ന് കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ സുന്ദരന് കൃതൃമായി പങ്കുള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തിന് ശേഷം മൂന്ന് മാസം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ജൂലൈ 10ന് ഇടുക്കി മുട്ടം കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 16ന് നിലമ്പൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. രണ്ട് ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പില്‍ കേസില്‍ നിര്‍ണായകമാകാവുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.
2019 ഓഗസ്റ്റിലാണ് നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ ഷൈബിനും സംഘവും മൈസൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. മൂലക്കുരു ചികിത്സകനായിരുന്ന ഷെരീഫിന്‍റെ ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി കേരളത്തില്‍ മരുന്ന് വ്യാപാരം നടത്തി പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ട് വന്നത്. മൈസൂരില്‍ ലോഡ്‌ജില്‍ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന് പറഞ്ഞാണ് സംഘം ഷെരീഫിനെ കൂട്ടികൊണ്ട് വന്നത്.
തുടര്‍ന്ന് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍റെ വീട്ടില്‍ ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ തയ്യാറാകാത്ത ഷാബാ ഷെരീഫിനെ ഒന്നര വര്‍ഷത്തോളം സംഘം തടവില്‍വച്ച് പീഡിപ്പിച്ചു. എന്നാല്‍ മര്‍ദനത്തിനിടെ 2020 ഒക്‌ടോബറിലാണ് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍റെ വീട്ടില്‍ വെച്ച് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു.
also read: നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന്‍റെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവില്‍
ഷാബാ ഷെരീഫിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സരസ്വതീപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊലപാതകത്തില്‍ പങ്കെടുത്തവരും തട്ടിക്കൊണ്ട് വരാന്‍ സഹായിച്ചവരും പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ഒത്താശ ചെയ്തവരുമടക്കം പന്ത്രണ്ട് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്.