മലപ്പുറം: ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തിൽ തയ്യാറാക്കുന്ന അവശ്യ സാധനങ്ങളുടെ പാക്കിങ്ങിന് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരും. ക്യാമ്പിൽ നിന്നും വീടുകളിലേക്ക് പോകുന്നവർക്കായുള്ള 24 ഇനം സാധനങ്ങളടങ്ങിയ കിറ്റാണ് ജില്ലാ ഭരണകൂടം നൽകുന്നത്. അരി, തേയില, പഞ്ചസാര, പരിപ്പ്, സോപ്പ്, ഡിറ്റർജൻ തുടങ്ങി ക്ലീനിംഗ് സാമഗ്രികൾ ഉൾപ്പെടെയുള്ളവ കിറ്റിലുണ്ട്. ഇവ തയ്യാറാക്കുന്ന ജോലിയാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 15ന് മന്ത്രി കെ ടി ജലീലിന്റെ നേത്യത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് ജോലി കുടുംബശ്രീയെ ഏൽപ്പിച്ചത്. തുടർന്ന് പാക്കിങ്ങിനായി പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം വിട്ടു നൽകി. മൂന്നു ഷിഫ്റ്ററുകളായാണ് കുടുംബശ്രീ പ്രവർത്തകർ സാധനങ്ങൾ പാക്ക് ചെയ്യുന്നത്. ഇതുവരെ തയ്യാറാക്കിയ അയ്യായിരത്തോളം കിറ്റുകൾ പ്രളയം ബാധിച്ച സ്ഥലങ്ങളിലേക്ക് നേരിട്ട് വിതരണം നടത്തും.