മലപ്പുറം: കൊണ്ടാട്ടിയിൽ അവശനിലയിൽ കണ്ടെത്തിയ വളർത്തുനായക്ക് ബെംഗളൂരുവിൽ വിദഗ്‌ധ ചികിത്സയൊരുക്കി ഇ.ആർ.എഫ് വളണ്ടിയർമാർ. ചെരുപ്പടി മലയിൽ ഭക്ഷണം കിട്ടാതെ എല്ലും തോലുമായി അവശനിലയിൽ കണ്ടെത്തിയ നായയെ ആബുലൻസിലാണ് ബാംഗ്ലൂരിൽ എത്തിച്ചത്.
ദിവസങ്ങളായി രണ്ട് വളർത്ത് നായകൾ മലമുകളിൽ അവശരായി കിടക്കുന്ന വിവരമറിഞ്ഞാണ് ഇ.ആർ.എഫ് വളണ്ടിയർമാർ എത്തിയത്. ഒരു നായ അപ്പോഴേക്കും ചത്തിരുന്നു. ഹ്യൂമൺ ഇൻറർനാഷണൽ സൊസൈറ്റിയുടെയും ഔട്ട് റീച്ച് കോർഡിനേറ്റർ ആയ സാലി വർമയുടേയും ഇടപെടൽ മൂലമാണ് നായയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. നായക്ക് ചികിത്സ ആരംഭിച്ചതായും കണ്ണിനും മറ്റും കൂടുതൽ ചികിത്സ വേണ്ടതിനാൽ ആനിമൽ റെസ്ക്യൂ ടീം വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും പ്രവർത്തകർ അറിയിച്ചു.
മേനക ഗാന്ധിയുടെ ആനിമൽ റെസ്ക്യൂ ടീം ചികിത്സയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നായയുടെ പരിക്കേറ്റ കണ്ണിന്റെ ചികിൽസ ആരംഭിച്ചതായും പ്രവർത്തകർ അറിയിച്ചു. ഇ.ആർ.എഫ് വളണ്ടിയർമാരായ ഷാഹിൻ, അബ്ദുൽ മജീദ്, അൻവർ ഷരീഫ് എന്നിവരാണ് ബാഗ്ലൂരിലേക്ക് ആംബലൻസിൽ നായയേയും കൊണ്ട് പോയത്.