മലപ്പുറം: ഏറനാട് മണ്ഡലത്തിലെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ അരീക്കോട് കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് പികെ ബഷീർ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ എടവണ്ണ, അരീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, കുഴിമണ്ണ, കീഴുപറമ്പ് എന്നീ ആറ് പഞ്ചായത്തുകൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. 75 പേർക്ക് ഒരേസമയം ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്കു പുറമെ ജനകീയ കൂട്ടായ്‌മയോടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് എംഎൽഎ പറഞ്ഞു. ചാലിയാർ പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് നിലവിലുള്ള നിലമ്പൂർ വെളിയംതോട് ചികിത്സാകേന്ദ്രത്തിൽ തന്നെ സൗകര്യം ഉപയോഗപ്പെടുത്താമെന്നും എംഎൽഎ അറിയിച്ചു.
കൊവിഡ് രോഗികളായ കുട്ടികളുടെ ചികിത്സക്കാവശ്യമായ പീഡിയാട്രിക് പൾസ് ഓക്‌സിമീറ്ററും മുതിർന്നവരുടെ പൾസ് ഓക്‌സിമീറ്ററും കൊവിഡ് രോഗികളുടെ വർദ്ധനവ് കാരണം ആവശ്യത്തിന് ലഭ്യമാകാത്തതിന്‍റെ പ്രയാസം മെഡിക്കൽ ഓഫീസർമാർ എംഎൽഎയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ എംഎൽഎ മുൻകയെടുത്ത് സ്പോൺസർമാരെ കണ്ടെത്തി മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കും ഇവ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി. മണ്ഡലത്തിൽ 1167 കൊവിഡ് രോഗികളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 858 പേർ സുഖം പ്രാപിച്ചു. ഇപ്പോൾ മണ്ഡലത്തിലുള്ള 309 കൊവിഡ് സജീവ കേസുകളിൽ 158 പേർ വീടുകളിലും 151 പേർ ആശുപത്രിയിലുമാണുള്ളത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ എംഎൽഎ വിളിച്ചുചേർത്ത ഏറനാട് മണ്ഡലത്തിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം. പികെ ബഷീർ എംഎൽഎ അധ്യക്ഷത വഹിച്ചു ഡോ. സന്തോഷ്, ഡോ. സ്മിത, ഡോ. ആലിക്കുട്ടി, ഡോ. ജനീഫ്, ഡോ. അബ്‌ദുള്ള, ഡോ. റഹീന, ഡോ. അനൂപ്, ഡോ. ഷംസാദ്, ഡോ. ഉമ്മർ, ഡോ. പ്രജ എന്നിവർ സംസാരിച്ചു.