മലപ്പുറം: നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്ത് വന ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകര്‍. പ്രകൃതി ഭംഗി നഷ്‌ടപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണം എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. നിലമ്പൂർ കനോലി പ്ലോട്ടിന് സമീപം വനം ആർആർടി ഓഫിസിന് തൊട്ടടുത്ത തേക്കുകൾ ഉൾപ്പെടെ ഇരുപത്തി അഞ്ചോളം മരങ്ങളാണ് മുറിക്കുന്നത്.
കനോലി പ്ലോട്ട് കവാടം വഴി കോഴിക്കോട്- നിലമ്പൂർ- ഗൂഡല്ലൂർ റോഡ് യാത്ര ഏറെ ആസ്വാദ്യകരമാണ്. നിരവധി യാത്രക്കാരാണ് ഇവിടെ വാഹനം നിർത്തി കാനന ഭംഗി ആസ്വദിക്കുന്നത്. റോഡരികിലെ മരം മുറിക്കുന്നതോടെ ഈ ഭാഗത്തെ തണലും നഷ്‌ടമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ക്വാട്ടേഴ്‌സുകളും മറ്റു ഓഫിസുകളും നിർമിക്കാനാണ് മരം മുറിച്ച് മാറ്റുന്നത്. എന്നാൽ സമീപത്തു തന്നെ ഉപയോഗ ശൂന്യമായി കിടക്കുന്ന നിരവധി ക്വാട്ടേഴ്‌സുകളുണ്ട്. അറ്റകുറ്റപണി നടത്തി അവ ഉപയോഗപ്രദമാക്കുകയോ പൊളിച്ചു മാറ്റി അവിടെ തന്നെ പുതിയ ക്വാട്ടേഴ്‌സുകൾ നിർമിക്കുകയോ ചെയ്യാമെന്നിരിക്കെ റോഡരികിലെ മരം മുറിച്ച് നിലമ്പൂരിന്‍റെ പ്രകൃതി ഭംഗി നഷ്‌ടമാക്കുകയാണെന്ന് പ്രളയാനന്തര നിലമ്പൂർ പരിസ്ഥിതി കൂട്ടായ്‌മ ആരോപിക്കുന്നത്.