മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 19,875 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 31,000 ഉദ്യോഗസ്ഥര്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 33,54,646 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 16,29,149 പുരുഷന്‍മാരും 17,25,449 സ്ത്രീകളും 48 ട്രാന്‍സ്ജെന്‍ഡറുമാണ് ഉള്ളത്. 3,975 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ ഉള്ളത്.
ഗ്രാമപഞ്ചായത്തില്‍ 3,459 ഉം മുനിസിപ്പാലിറ്റികളില്‍ 516 ഉം പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 100 പ്രശ്‌ന ബാധിത ബൂത്തുകളില്‍ 56 ബൂത്തുകളില്‍ വെബ്കാസ്റ്റിങും 44 ബൂത്തുകളില്‍ വിഡിയോ കവറേജും സജ്ജീകരിക്കും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മുതല്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി തിരക്കൊഴിവാക്കുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടം ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊവിഡ് പോസിറ്റിവ് ആയ 18,507 പേര്‍ ഇതിനകം സ്പെഷ്യല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 13 വൈകുന്നേരം മൂന്ന് വരെ കൊവിഡ് പോസിറ്റിവ് ആയവര്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കുമാണ് പ്രത്യേക തപാല്‍ വോട്ട് അനുവദിക്കുന്നത്. ഡിസംബര്‍ 13ന് മൂന്നിന് ശേഷം കൊവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം.