മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് ആശങ്ക ഉയരുന്നു. അമ്പതോളം അഗ്നിശമനസേന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചു. ജില്ലയിൽ 199 പേരാണ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ ജോലിചെയ്യുന്ന മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ അഗ്നിശമന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാർക്കും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കും നിരീക്ഷണം ഏർപ്പെടുത്തിയത്.
കണ്ടയിൻമെന്‍റ് സോണായ എടപ്പാളിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിക്കുളം സ്വദേശിക്ക് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ മറ്റുള്ളവർക്ക് നിരീക്ഷണം ഏർപ്പെടുത്തി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകർ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണം എത്തിച്ച് നൽകിയപ്പോഴാണ് പഞ്ചായത്തിലെ വാഹന ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നത്. ജില്ലയില്‍ 13000 പേരാണ് നിരീക്ഷണത്തിലുള്ളത്.