മലപ്പുറം: പ്രവാസികളുടെ മടങ്ങിപ്പോക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തിൽ നിന്നുള്ള മന്ത്രിതല ദൗത്യ സംഘം കേന്ദ്ര സർക്കാരിനെ കാണണമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്ത എം.പിമാരുടെ വീഡിയോ കോൺഫ്രൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിൽ
പ്രവാസികൾ നാട്ടിലും മറു നാട്ടിലും വഴി മുട്ടി നിന്ന സാഹചര്യത്തിൽ യാത്രക്കനുകൂലമായ ചില പ്രതീക്ഷകൾ ഉയർന്നുവന്നെങ്കിലും സാഹചര്യങ്ങൾ വീണ്ടും പ്രതികൂലമായി. വിമാന കമ്പനികൾ തങ്ങളുടെ അന്താരാഷ്ട്ര ഗതാഗതം നിർത്തിവെച്ചെന്നുള്ള അറിയിപ്പിനെ തുടർന്ന് യാത്ര വീണ്ടും സങ്കീർണമായിരിക്കുകയാണെന്നും ഇ. ടി മുഹമ്മദ് ബഷീർ അറിയിച്ചു.
ALSO READ: വരുന്നു കേന്ദ്രീകൃത പരിശോധന സംവിധാനം, പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ്
ഇതിനകം തന്നെ പലരുടേയും ജോലി നഷ്ടപ്പെട്ട് കഴിഞ്ഞു. അവരുടെ കുടുംബങ്ങൾ തന്നെ പട്ടിണിയിലായി. ഇക്കാര്യത്തിൽ സർക്കാർ ചെയ്യുന്ന പരിശ്രമങ്ങളുടെ കൂടെ കേരളത്തിലെ എല്ലാ എം.പിമാരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവാക്‌സിന് അംഗീകാരമില്ലാത്തത് തിരിച്ചടി
അന്താരാഷ്ട്ര തലത്തിൽ കോവാക്‌സിന് അംഗീകാരമില്ലാത്തതിന്‍റെ ഫലമായി യാത്രക്കാർ വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇത് ശാസ്ത്ര, സാങ്കേതിക വകുപ്പിന്‍റെ പാർലിമെന്‍ററി സ്റ്റാന്‍റിംങ് കമ്മിറ്റിയിൽ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാർ ഉടനെ ഇടപെടണമെന്നും ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽ ഭൗതിക സൗകര്യങ്ങളുടെ വികസനം നടന്നിട്ടില്ലെങ്കിൽ അത് കാലക്രമേണ ശോഷിച്ചു ഇല്ലാതാകുമെന്നും സർക്കാരിനും ജനങ്ങൾക്കും ഇക്കാര്യത്തിൽ നിശ്ചയദാർഢ്യം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.