മലപ്പുറം: കോൺഗ്രസിൽ ഒരാളേയും വിശ്വസിക്കരുതെന്നും അവർ എന്ന് ബിജെപിയിലെത്തുമെന്ന് നമുക്കാർക്കും പറയാനാകില്ലെന്നും മന്ത്രി കെടി ജലീൽ. അവശേഷിക്കുന്നവർ തുടരുന്നത് അമിത് ഷാ പറഞ്ഞ വില ഒക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിയന്നാ ഓഡിറ്റോറിയത്തിൽ നടന്ന വണ്ടൂർ മണ്ഡലം എൽഡിഎഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ കടന്നാക്രമിച്ച ജലീൽ പൗരത്വ സമരത്തിനെതിരെ രാഹുൽ ഗാന്ധി കേരളത്തിൽ ഒരു തോട്ടിലെങ്കിലും ചാടി ഐക്യദാർഢ്യം പ്രകടിപ്പിച്ചോയെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ ഇപി ബഷീർ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം പിപി വാസുദേവൻ, കേരളാ കോൺഗ്രസ് എമ്മിലെ ജോർജ് തോമസ്, സിപിഎം എരിയാ സെക്രട്ടറി ബി അബ്ദുൾ റസാഖ്, സ്ഥാനാർഥി പി മിഥുന, കെഎ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.