മലപ്പുറം: ചികിത്സക്കും മരുന്നിനും ബുദ്ധിമുട്ടുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മെഡിക്കൽ വിദ്യാർഥികൾ. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡോക്‌ടേർസ് ചലഞ്ച് എന്ന പദ്ധതിയിലൂടെയാണ് വിദ്യാർഥികൾ കിടപ്പ് രോഗികൾക്ക് സഹായകമാകുന്നത്. കൊവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികളെ ലക്ഷ്യമിട്ടാണ് ഡോക്‌ടേർസ് ചലഞ്ച് എന്ന പദ്ധതി രൂപീകരിച്ചത്. പതിനാലോളം മെഡിക്കൽ വിദ്യാർഥികളാണ് രോഗികളെ പരിചരിക്കാൻ സന്നദ്ധരായി രംഗത്തുള്ളത്. ആവശ്യമായ ചികിത്സയും മരുന്നും വിദ്യാർഥികൾ നേരിട്ടെത്തി രോഗികൾക്ക് കൈമാറും.
Also Read: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി തമിഴ്നാടും
നിരവധി ആദിവാസി കോളനികൾ ഉൾപ്പെടുന്ന പഞ്ചായത്താണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തോടൊപ്പം പഞ്ചായത്ത് ഭരണസമിതിയും ആർ.ആർ.ടി അംഗങ്ങളും ട്രോമാകെയർ പ്രവർത്തകരും ഡോക്‌ടേഴ്‌സ് ചലഞ്ചിൽ വിദ്യാർഥികൾക്കൊപ്പമുണ്ട്. ചികിത്സയും മറ്റ് സഹായങ്ങളും വേണ്ടവർക്ക് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ടെലിഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കിടപ്പു രോഗികൾക്കും മറ്റും ഈ സേവനം വളരെയധികം സഹായകമാണെന്ന് വാർഡ് മെമ്പർ അനുരൂപ് പറഞ്ഞു. രോഗികൾക്ക് ആവശ്യമായ എല്ലാ മരുന്നുകളും കൃത്യമായി എത്തിച്ചു നൽകുമെന്നും പഞ്ചായത്തിൻ്റെ ഈ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കുന്നുണ്ടെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. ജിഷ വ്യക്തമാക്കി.