മലപ്പുറം: ദേശീയ പ്രക്ഷോഭ ദിനത്തിന്‍റെ ഭാഗമായി നിലമ്പൂരിൽ സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്‍റെ കോർപറേറ്റീവ് കൊള്ള അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിൽ മേഖലയും സംരക്ഷിക്കുക, രാജ്യത്തെ വിൽക്കാതിരിക്കുക, കർഷകദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭ സമരത്തിന്‍റെ ഭാഗമായാണ് നിലമ്പൂരിലും പ്രകടനവും ധർണയും നടത്തിയത്.
നിലമ്പൂർ പഴയ ബസ്സ്റ്റാന്‍റിൽ നടന്ന ധർണ സേവ ജില്ലാ സെക്രട്ടറി റസിയ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് പി.പി. നജീബ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു പ്രതിനിധി സൈതലവി ഐ.എൻ.ടി.യു സി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി, എം.കെ.ബാലകൃഷ്ണൻ, എ.ഐ.ടി.യു സി സംസ്ഥാന കമ്മറ്റി അംഗം രാജഗോപാലൻ നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.