മലപ്പുറം: സ്കൂൾ ബസുകളില്‍ സ്ഥിരം സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം. സുരേഷ്. മലപ്പുറം കുറുവ എ.എം.യു.പി സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അപകടം നടന്ന ശേഷം കര്‍ശന പരിശോധന എന്ന സ്ഥിരം പല്ലവി ഒഴിവാക്കി സ്‌കൂള്‍ വാഹനങ്ങളില്‍ അപകടം കുറയ്ക്കാനുള്ള നടപടികളാണുണ്ടാവുക. ഇതിനായി ജില്ലാ വിദ്യഭ്യാസ വകുപ്പിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ സ്‌കൂള്‍ അധികൃതര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം സംഘടിപ്പിക്കും.
കുറുവ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച സമ്മതിച്ചിട്ടുണ്ട്. ഡ്രൈവറുടെ അനാസ്ഥ അപകടത്തിന്റെ പ്രധാന കാരണമാണ്. അറ്റൻഡറില്ലാത്ത വാഹനത്തില്‍ വിദ്യാർഥികളെ കയറ്റാന്‍ പാടില്ലായിരുന്നു. ഇതറിഞ്ഞിട്ടും വിദ്യാർഥികള്‍ സുരക്ഷിതമായി സീറ്റില്‍ ഇരുന്നോ എന്ന് ഉറപ്പാക്കാതെയാണ് ഡ്രൈവര്‍ വാഹനമോടിച്ചത്. ഗുരുത വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പൊലീസ്, മോട്ടോർവാഹന വകുപ്പ് എന്നിവരുടെ അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിരവാരണ സമിതിയും നടപടി സ്വീകരിക്കും. അപകടത്തിന്റെ പശ്ചാതലത്തില്‍ പ്രത്യേക പരിശോധന ഒരു മാസം തുടരും. പരിശോധന ഒരു മാസത്തിലൊതുക്കാതെ മുഴുവന്‍ ദിവസങ്ങളിലും രാവിലെ പരിശോധന നടത്തുന്നതിന് സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
കൊളത്തൂര്‍ സ്റ്റേഷനില്‍ കേസിന്‍റെ സ്ഥിതി ഗതികള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌കൂളിലെത്തിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. കുസുമം, മലപ്പുറം എന്ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍, പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍,ടി.ഒ എന്‍. വിനയകുമാര്‍, തൃശൂര്‍ എന്ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഷാജി മാധവന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.