മലപ്പുറം: ജില്ലയില്‍ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളില്‍ പരിശോധന ആരംഭിച്ചു. കഴിഞ്ഞദിവസം കുറുവയിൽ സ്കൂൾ ബസിനടിയില്‍പ്പെട്ട് വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. സ്കൂൾ വാഹനങ്ങളിൽ ആയമാരുടെ സേവനം, അളവിൽ കൂടുതൽ വിദ്യാർഥികൾ ഉണ്ടോ, വാഹനങ്ങളുടെ ഫിറ്റ്നസ് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ പലതിലും ക്രമക്കേട് കണ്ടെത്തിയതായി എൻഫോഴ്സ്‌മെന്‍റ് ആർടിഒ ഗോകുൽ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇതിന് പുറമേ സ്കൂളുകളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.