മലപ്പുറം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ അരീക്കോട് പാലത്തിൽ കാൽനട യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി അരീക്കോട് മേഖല റോഡ് സുരക്ഷ സമിതി. പാലത്തിനോട് ചേർന്ന് കാൽനട യാത്രക്കാർക്കായി വീതി കുറഞ്ഞ തൂക്കുപാലം നിർമിക്കണമെന്നാണ് ആവശ്യം.
അരീക്കോട്- മുക്കം- കോഴിക്കോട് ഭാഗത്തേക്കുള്ള പ്രധാന റോഡിലെ പാലമാണിത്. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന് തീരെ വീതിയില്ല. നിരവധി വിദ്യാർഥികളും നാട്ടുകാരും സ്ഥിരമായി നടന്ന് പോകുന്ന പാലത്തിൽ പലപ്പോഴും അപകടം പതിവാണ്. ഇരുവശത്ത് നിന്നും ഒരുമിച്ച് വാഹനം എത്തിയാൽ കാൽനട യാത്രക്കാരനെ തൊട്ട് ചേർന്നാണ് വാഹനങ്ങൾ കടന്ന് പോവുക. പലപ്പാഴും ഇത് അപകടത്തിന് കാരണമാവാറുണ്ട്. നിലവിലെ പാലത്തിൽ കാൽ നടയാത്രക്കായി വീതി കുറഞ്ഞ തൂക്കുപാലം വേണമെന്നാണ് ഇവരുടെ ആവശ്യം.
നടപ്പാലത്തിൻ്റെ ആവശ്യവുമായി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പാലത്തിനോട് ചേർന്ന റോഡ് തകർന്നിട്ട് പുനർനിർമിച്ചിട്ടില്ല. അരീക്കോട് ടൗണിനെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് നടപ്പാലം വന്നാൽ ഗുണകരമാവും.