എറണാകുളം: നിലമ്പൂർ രാധ കൊലക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതിയുടെ ജീവപര്യന്തം തടവ് ശിക്ഷക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ഒന്നാം പ്രതി ബിജു നായർ, രണ്ടാം പ്രതി ഷംസു എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്നു പ്രതിയായ ബിജു നായർ. 2014 ഫെബ്രുവരി അഞ്ചിന് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് ആരോപണം. ഓഫീസിലെ ജീവനക്കാരിയായ രാധയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചുദിവസത്തിനുശേഷം സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ രാധയെ കൊലപ്പെടുത്തി വെള്ളക്കെട്ടിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്.