മലപ്പുറം: ബലാത്സംഗമടക്കം നിരവധി ക്രമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍. കരുളായി മൈലംപാറ സ്വദേശി പാറൻ തോടൻ ജസീലാണ് അറസ്റ്റിലായത്. അമരമ്പലം സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ചോക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുമ്പ് മോഷണ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ പരാതിയിൽ സ്ത്രീധന പീഡന കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ നിലമ്പൂർ, പൂക്കോട്ടുപാടം സ്റ്റേഷനുകളിലായി മണൽ കടത്ത് കേസും അടിപിടി കേസും നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐ രാജേഷ് ആയോടൻ, എസ്ഐ സുബ്രഹ്മണ്യൻ, സീനിയർ സിപിഒ എ.ജാഫർ, സിപിഒമാരായ എ.പി അൻസാർ, എം.എസ് അനീഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.