മലപ്പുറം: അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കൽ അമീൻ സാദിഖ് (33) പിടിയിലായത്. അങ്ങാടിപ്പുറത്ത് വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിലേക്ക് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് അതിക്രമിച്ചുകയറി മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് പ്രതി അമീൻ സാദിഖിനെ സി.ഐ സി.കെ നാസർ, എസ്.ഐ രമാദേവി എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 8-ാം തീയ്യതി വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം. വൃദ്ധയുടെ വീട്ടിലേക്ക് വെള്ളം ചോദിച്ചെത്തിയ പ്രതി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ പരാതിക്കാരിക്ക് ബോധം നഷ്ടപ്പെടുകയും അടുത്ത ദിവസം വീട്ടിലെ ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞ് അയൽവാസികളേയും ബന്ധുക്കളേയും അറിയിച്ച് പരാതിക്കാരിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.
പരാതിക്കാരിയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ പ്രതിക്ക് ഒരു കാലിന് ചെറിയ മുടന്ത് ഉളളതായി മനസിലാക്കി. സ്ഥിരമായി താമസസ്ഥലമോ മൊബൈൽ നമ്പറോ ഇല്ലാത്ത പ്രതിയ്ക്കുവേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കുകയും ഈ അടയാളം വച്ച് ടൗണിലും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയെ അങ്ങാടിപ്പുറത്ത് കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അങ്ങാടിപ്പുറത്ത് വച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. ആദ്യം കുറ്റം നിഷേധിച്ച പ്രതി തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അമീൻ സാദിഖ് തനിക്ക് ഭിക്ഷാടനം നടത്തികിട്ടുന്ന പണം കഞ്ചാവും മദ്യവും വാങ്ങാൻ തന്നെയാണ് ഉപയോഗിക്കുന്നത്. അമീൻ സാദിഖിന് പെരിന്തൽമണ്ണ , കോഴിക്കോട് കസബ, തൃശ്ശൂർ എക്സൈസ് , മഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിൽ അടിപിടിക്കേസുകളും കഞ്ചാവു കേസുകളും നിലവിലുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അപരിചിതരായ ഭിക്ഷാടനക്കാരും മറ്റും വീടുകളിലേക്ക് വരുന്നസമയത്ത് ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം അറിയിച്ചു. എ.എസ്‌പി. എം.ഹേമലതയുടെ നേതൃത്ത്വത്തിൽ പെരിന്തൽമണ്ണ സി.ഐ സി.കെ നാസർ, എസ്.ഐ രമാദേവി ജില്ലാ ആന്‍റി നർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ, പെരിന്തൽമണ്ണ സ്‌റ്റേഷനിലെ അഡീഷണൽ എസ് ഐ ജിജോ, എ.എസ്.ഐ സുകുമാരൻ, പ്രഫുൽ, കബീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.