മലപ്പുറം: പച്ചക്കറികൾക്ക് പുറമെ നെല്ലും പൂക്കളും നൂറുമേനി വിളയിച്ച് തവനൂർ ഗ്രാമപഞ്ചായത്ത്. വർഷങ്ങളായി തരിശുഭൂമിയായി കിടന്നിരുന്ന വിജയമാതാ കോൺവെന്‍റിന്‍റെ കൈവശമുള്ള അഞ്ച് ഏക്കർ സ്ഥലമാണ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൃഷിഭവന്‍റെ സഹകരണത്തോടെ കൃഷിക്കായി തെരഞ്ഞെടുത്തത്. മാതൃകാ കൃഷിത്തോട്ടത്തിനായി ആവശ്യപ്പെട്ടപ്പോൾ കോൺവെന്‍റ് ഒരു വർഷത്തേക്ക് ഭൂമി വിട്ടു നൽകുകയും ചെയ്‌തു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വെണ്ട, വഴുതനങ്ങ, തക്കാളി, കരനെല്ല്, പട്ട് ചീര, ഇഞ്ചി, മരച്ചീനി, മഞ്ഞൾ, മുളക് തുടങ്ങി പതിനഞ്ചോളം പച്ചക്കറികൾ വിളയിച്ചു. കൂടാതെ ചെണ്ടുമല്ലി പൂവും വിളവിന് തയ്യാറായി. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബ്‌ദുൾ നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്‍റ് സി.പി നസീറ അധ്യക്ഷത വഹിച്ചു. പച്ചക്കറികളും പൂവുകളും ഓണച്ചന്ത വഴി വിതരണം ചെയ്യും.