മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് കാപ്പ ചുമത്തിയതുമായ ഗുണ്ടാ നേതാവ് പിടിയിൽ. നിലമ്പൂർ മണലോടി സ്വദേശി തേക്കിൽ ശതാബാണ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ പാട്ടുത്സവത്തോടനുബന്ധിച്ച് ജനുവരി 11ന് രാത്രി 12 മണിയോടെ ശതാബിൻ്റെ നേതൃത്വത്തിൽ ഇരു സംഘങ്ങൾ പാട്ടുത്സവ നഗരിയിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ചികിത്സ തേടി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ ഗുണ്ടാസംഘങ്ങൾ അവിടെ വച്ചും പരസ്‌പരം പോർവിളി നടത്തി. ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ അടക്കം ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു.
തുടർന്ന് ഡ്യൂട്ടി ഡോക്‌ടറുടെ പരാതി പ്രകാരം ആരോഗ്യ പ്രവർത്തകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്‌ണു, എസ്.ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിമാൻഡ് ചെയ്തത്.
നേരത്തേ കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു. തുടർന്ന് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ വകുപ്പ്-15 പ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി. എന്നാൽ പ്രസ്തുത വിലക്കിൽ നിന്നും പ്രതി ഇളവ് നേടിയിരുന്നു. കാപ്പാ നിയമം ലംഘിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.