മലപ്പുറം: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നിർമിച്ച എടക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനെതിരെ പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി. എടക്കര പഞ്ചായത്ത് അധികൃതരുടെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റി ജനകീയ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വൈകിട്ട് 6ന് എടക്കര പട്ടണത്തിൽ തീർത്ത മനുഷ്യ ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉച്ചയോടെ ബസ് ടെർമിനൽ ഷോപ്പിങ് കോംപ്ലക്സ് രാഹുൽ ഗാന്ധി എംപി നാടിന് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം നടന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മനുഷ്യച്ചങ്ങല തീർത്തത്. കോംപ്ലക്സിൽ ടോയ്‌ലറ്റ് സംവിധാനങ്ങളില്ലെന്നും വാട്ടർ കണക്ഷനോ ഇലക്ട്രിസിറ്റിയോ ഒരുക്കിയിട്ടില്ലെന്നും സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിലെ ബില്‍ഡിങിന് താഴെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കാൻ പോലും അധികൃതർക്കായില്ലെന്നും സമരക്കാർ ആരോപിച്ചു.
2013ൽ കെയുആർഡിഎഫ്സിയിൽ നിന്ന് 5 കോടി 40 ലക്ഷം രൂപ ലോൺ എടുത്താണ് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. ഇതുവരെ ഒരു കോടി ആറായിരം രൂപ മുതലിലേക്ക് തിരിച്ചടച്ചു. പഞ്ചായത്തിലെ ഫണ്ട് വകമാറ്റി 68 ലക്ഷം രൂപ പലിശയിനത്തിൽ മാത്രം പഞ്ചായത്തിന് അടക്കേണ്ടി വന്നു. ഇതോടെ പഞ്ചായത്തിലെ ദൈനംദിന കാര്യങ്ങൾ പോലും നടത്താൻ പണമില്ലാതായി. വികസന പ്രവർത്തനങ്ങൾ മുരടിച്ച പഞ്ചായത്തിനെ ഭീമൻ കടക്കെണിയിലേക്ക് തള്ളിവിട്ട അധികാരികൾ ജന വഞ്ചനയാണ് നടത്തിയതെന്നും നേതാക്കൾ പറഞ്ഞു. എടക്കര ഗ്രാമ പഞ്ചായത്തംഗം എം.കെ ചന്ദ്രൻ, ജി ശശിധരൻ, പി.എൻ അജയകുമാർ, സി.ടി സലിം, ലോക്കൽ സെക്രട്ടറി യു. ഗിരീഷ്കുമാർ, സോമൻ പാർളി എന്നിവർ പങ്കെടുത്തു.