മലപ്പുറം: സീറ്റ് ചര്‍ച്ചകള്‍ക്കിടെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാടെത്തിയതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്‍റും പാണക്കാട്ടെത്തിയത്. പികെ കുഞ്ഞാലിക്കുട്ടി എംപി, സാദിക്ക് അലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്‍റ് അഡ്വ വിവി പ്രകാശ് എന്നിവർക്കൊപ്പമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സന്ദർശനം. പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവന അസംബന്ധമെന്നും, പാണക്കാട് കുടുംബം രാജ്യത്തിന്‍റെ മതേതത്വത്തിന് നൽകിയ സംഭാവനകൾ എല്ലാവർക്കും അറിയാമെന്നും മുല്ലപ്പള്ളി കൂടിക്കാഴ്ച്ചക്ക് ശേഷം പറഞ്ഞു.
മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചു. തില്ലങ്കേരി മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ കരുതിയിരിക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സി.പി.എമ്മും-ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ചര്‍ച്ച നടന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സിപിഎമ്മിന് ആശയക്കുഴപ്പമെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. നേതാക്കള്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തുന്നു. വര്‍ഗീയപ്രചാരണം സിപിഎം തന്നെ പിന്‍വലിക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണ് മുല്ലപ്പള്ളി എത്തിയതെന്ന് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. മലപ്പുറത്തുകാരനായ എ. വിജയരാഘവന് പാണക്കാട് കുടുംബത്തെയും നിലപാടുകളും അറിയാത്തതല്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പാണക്കാട് കുടുംബത്തെ വിമർശിച്ചത്. വിജയരാഘവൻ നിലപാടുകൾ മറക്കരുതെന്നും സാദിഖ് അലി തങ്ങൾ ഓർമിപ്പിച്ചു.