മലപ്പുറം : അട്ടപ്പാടി അഗളി പഞ്ചായത്തിലെ ഭൂതിവഴിയൂരില്‍ താമസിക്കുന്ന ഏഴ് ആദിവാസി കുടുംബങ്ങളുടെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ പണം തിരിമറി നടത്തിയ സംഭവത്തില്‍ സംസ്ഥാന സമിതി അംഗമായ സിപിഐ നേതാവിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങള്‍. പദ്ധതിയില്‍ ഏഴ് ആദിവസി കുടുംബങ്ങള്‍ക്കായി 13.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതില്‍ പങ്കാളിയായ സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും നേരത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന നേതാവിനെതിരെ നടപടിയെടുക്കാത്ത നിലപാട് ശരിയല്ലെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് നിര്‍മാണത്തിന് ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിച്ച തുക ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസികളെ ബാങ്കിലെത്തിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ആദിവാസികള്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടത്തിയവരെ പിടികൂടുകയായിരുന്നു. ആദിവാസികളായ കാലമാണി, രാംഗി മാരി, ശാന്തി ശിവകുമാര്‍, രേശി രംഗന്‍, കാളി, തായ് കുല സംഘം പ്രവര്‍ത്തക ശിവാനി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.