മലപ്പുറം: കൊവിഡ് പശ്ചാത്തലത്തില്‍ സെവന്‍സ് മത്സരങ്ങള്‍ ഒഴിവാക്കിയതോടെ മൈതാനത്ത് ഉജ്വല പോരാട്ടം കാഴ്‌ചവച്ച വിദേശ താരങ്ങള്‍ ദുരിതത്തില്‍. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിരവധി മത്സരങ്ങളാണ് മലബാറിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കാറുള്ളത്.
ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ആഫ്രിക്കന്‍ താരങ്ങളും മൈതാനത്തിറങ്ങുന്നതോടെ മത്സര വേദി പോര്‍ക്കളമാകും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കൊവിഡിനെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചതോടെ ഇവരുടെ ഒരു വര്‍ഷത്തെ വരുമാനം ഇല്ലാതായി. ലിയോൺ, ഐവറി കോസ്റ്റ്, ലൈബീരിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ഫുട്‌ബോള്‍ താരങ്ങളാണ് മലബാറില്‍ പന്ത് തട്ടാനെത്തുന്നത്. വരുമാനമാര്‍ഗം നിലച്ചതോടെ തിരിച്ച് നാട്ടിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ നാട്ടില്‍ നിന്നും പുറപ്പെട്ട വിമാന ടിക്കറ്റിന്‍റെ പണം പോലും ഇവരില്‍ പലര്‍ക്കും കിട്ടിയിട്ടില്ല. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീമമായ ചെലവുള്ളതിനാല്‍ പരാജയപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് അതാത് എംബസികളുമായി ചര്‍ച്ച നടത്തി ഇവരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഫുട്‌ബോള്‍ താരങ്ങളുടേയും അസോസിയേഷനുകളുടെയും ആവശ്യം. ഇവരെ സഹായിക്കുന്നതിനായി സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് മടക്കാനുള്ള പണം കണ്ടെത്താനുള്ള നടപടികളും സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്.