മലപ്പുറം: ജില്ലയിലെ കൊവിഡ് രോഗികളെ ചികിൽസിക്കാനായി കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രമൊരുക്കി കരിപ്പൂർ ഹജ്ജ് ഹൗസ്. ജില്ലയിലെ കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് 320 പേരെ ഒരേ സമയം ചികിൽസിക്കാൻ കഴിയുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രം ഹജ്ജ് ഹൗസിൽ ഒരുക്കിയത്. മൂന്ന് നിലകളിലുള്ള ഹജ്ജ് ഹൗസ് പൂർണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഈ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രം മഞ്ചേരി കൊവിഡ് ആശുപത്രിയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. കേന്ദ്രത്തിന്‍റ ദൈനംദിന കാര്യങ്ങളിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രി മേൽനോട്ടം വഹിക്കും. കൊവിഡ് പോസിറ്റീവ് ആയ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് ഈ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. മലപ്പുറം ട്രോമ കെയർ വളണ്ടിയർമാരാണ് കുറഞ്ഞ സമയത്തിൽ ഈ ചികിത്സാ കേന്ദ്രം ഒരുക്കുന്നതിന് സഹായിച്ചത്.