മലപ്പുറം: ആൻറിജൻ പരിശോധനയിൽ കൊവിഡ് വ‍്യാപനം ഉറപ്പാക്കിയ നിലമ്പൂർ നഗരസഭ കണ്ടെയിന്‍മെന്‍റ് സോണാക്കി. നഗരസഭ പരിധിയിലെ എല്ലാ വ‍്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണിവരെ തുറക്കാൻ പാടുള്ളൂ. നഗരസഭയിൽ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ തന്നെ നഗരസഭയിലെ മുഴുവൻ കടകളും അടച്ചിരുന്നു.
കൊവിഡ് സമ്പർക്കം സ്ഥിരികരിക്കപ്പെട്ട അഞ്ച് ഡിവിഷനുകളിൽ കർശന നിയന്ത്രണം ചൊവാഴ്‌ച തന്നെ ഏർപ്പെടുത്തിയിരുന്നു. മത്സ‍്യ-മാംസമാർക്കറ്റുകൾ ചൊവാഴ്‌ച മുതൽ 15 ദിവസത്തേക്ക് അടച്ചിടാൻ നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം നഗരസഭ കണ്ടെയിമെന്‍റ് സോണാക്കിയെന്ന മുഖ‍്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ ജില്ല ദുരന്തനിവാരണ അതോറിറ്റി നഗരസഭയിലെ അഞ്ച് ഡിവിഷൻ കണ്ടെയിമെന്‍റ് സോണാക്കിയെന്ന് വാർത്ത കുറിപ്പ് ഇറക്കിയത് ആശയകുഴപ്പമുണ്ടായി. എന്നാൽ രാത്രി നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് സാമൂഹിക മാധ‍്യമത്തിലൂടെ നഗരസഭ മുഴുവനായും കണ്ടെയിമെന്‍റ് സോണാക്കി എന്നറിയിച്ചു. തുടർ നടപടിയുടെ ഭാഗമായി കണ്ടെയിമെന്‍റ് സോണാക്കിയതായി നഗരസഭയിൽ രാത്രി മൈക്ക് പ്രചരണവും നടത്തി.