മലപ്പുറം: എക്സൈസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂരിലെ എക്സൈസ് ഓഫീസിലെ മുഴുവൻ ജീവനക്കാരോടും ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നിലമ്പൂർ സ്വദേശിയായ പ്രിവന്‍റീവ് ഓഫിസർ ഗ്രേഡിലുള്ള ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണത്തെ തുടർന്ന് നാല് ദിവസം മുൻപ് ഇയാൾ ലീവെടുത്ത് നിലമ്പൂരിലെ വീട്ടിൽ ക്വാറെന്‍റൈനിലായിരുന്നു.
ഇതിനിടയിൽ ഒരു പ്രാവശ്യം ഓഫീസിൽ എത്തിയിരുന്നതായും ജീവനക്കാർ പറയുന്നു. അതിനാൽ തന്നെ മുഴുവൻ ജീവനക്കാരും ക്വാറന്‍റൈനില്‍ പോകേണ്ടി വരും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കുമെന്ന് കാളികാവ് എക്സൈസ് റെയ്ഞ്ച് അധികൃതർ പറഞ്ഞു.
മുഴുവൻ ജീവനക്കാരും ക്വാറന്‍റൈനില്‍ പോകേണ്ട സാഹചര്യത്തിൽ മലപ്പുറത്ത് നിന്നും എക്സൈസ് ജീവനക്കാരുടെ ഒരു സംഘം ജോലിക്കെത്തുമെന്നാണ് സൂചന. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരികരിച്ചത്. ക്വാറന്‍റൈന്‍ സമയത്ത് ഇയാൾ പുറത്തിറങ്ങിയിരുന്നതായും സൂചനയുണ്ട്.