മലപ്പുറം: ജോലിചെയ്യുന്ന വീട്ടില്‍ മോഷണം നടത്തുന്ന ഭർത്താവും മോഷണ മുതല്‍ വില്പന നടത്തുന്ന ഭാര്യയും പൊലീസ് പിടിയില്‍. നിരവധി മോഷണകേസുകളിൽ പ്രതിയായ ഗോവിന്ദരാജന്‍ എന്ന വെല്‍ഡര്‍ രാജനും ഭാര്യ ശാന്തിമോളുമാണ് മഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. മഞ്ചേരിയിലും പരിസരത്തും ജോലിചെയ്തിരുന്ന വീടുകളും പരിസരവും കേന്ദ്രീകരിച്ചാണ് ഇവര്‍ കളവ് നടത്തിയിരുന്നത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശി വെല്‍ഡര്‍ രാജിനെ മഞ്ചേരി പൊലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പിടികൂടിയത്.
രാജനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭാര്യയാണ് സ്വര്‍ണം വില്‍ക്കുന്നത് എന്ന വിവരം ലഭിച്ചത്. ഇതോടെ ശാന്തിമോൾ താമസിക്കുന്ന പാലക്കാട് ആലത്തൂരിലെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്നും രാജ് ഏല്‍പ്പിച്ച സ്വര്‍ണ്ണവും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെത്തി. മോഷണ മുതലായി ലഭിച്ച സ്വര്‍ണ്ണം വിവിധ ബാങ്കുകളില്‍ പണയം വെച്ചെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞവര്‍ഷം ആലത്തൂര്‍ പൊലീസ് കളവു കേസിന് പിടികൂടിയ ദമ്പതികള്‍ മൂന്ന് മാസം മുമ്പ് ഒരുമിച്ചാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. പകല്‍ ജോലി ചെയ്യുന്ന വീടിന്‍റെ രൂപം മനസ്സിലാക്കുന്ന പ്രതി രാത്രി കാലങ്ങളില്‍ കളവ് നടത്തുന്നതാണ് രീതി. വീട് പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും പ്രതി സ്വന്തമായി ഉണ്ടാക്കും. മഞ്ചേരിയിലെ സി.പി.എം നേതാവ് നറുകര കെ.പി രാവുണ്ണിയുടെ വീട് കുത്തിത്തുറന്ന് കളവ് നടത്തിയ കേസിലും പട്ടര്‍ക്കുളത്തെ ഒരു വീട്ടില്‍ നിന്നു കാറും വീട്ടുപകരണങ്ങളും മോഷ്ടിച്ച കേസിലും കഴിഞ്ഞ 27നാണ് ഗോവിന്ദ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദരാജ് ഏഴ് വര്‍ഷമായി മഞ്ചേരി പട്ടര്‍കുളത്ത് വെല്‍ഡിങ് ജോലി ചെയ്തുവരികയാണ്.