മലപ്പുറം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഏകദിന കൗണ്‍സിലിങ് നടത്തി. ഒന്ന് മുതല്‍ പന്ത്രാണ്ടാം ക്ലാസ് വരെയുള്ള പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉരു വിദ്യാഭ്യാസ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ക്കും പ്രസിഡന്‍സി ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കുമാണ് കൗണ്‍സിലിങ് നടത്തിയത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പോകാന്‍ കഴിയാതായതോടെ വിദ്യാര്‍ഥികളില്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷം കുറയ്‌ക്കുകയാണ് കൗണ്‍സിലിങ് ലക്ഷ്യം വെക്കുന്നത്. നിലമ്പൂര്‍ ബിആര്‍സി റിസോഴ്‌സ് അധ്യപകരായ ഉമ്മുഹബീബ, പ്രശസ്ത ഹിപ്‌നോട്ടിസ്റ്റായ മന്‍സൂര്‍ നിലമ്പൂര്‍ എന്നിവരാണ് കൗണ്‍സിലിങ്ങിന് സഹായം നല്‍കിയത്.
കുട്ടികളുടെ ആത്മവിശ്വാസവും പ്രശ്‌ന പരിഹാര ശേഷിയും വര്‍ധിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയ കരുതലോടെ ഉപയോഗിക്കുന്നതിനും വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കാനും കൗണ്‍സിലിങ്ങിലൂടെ ലക്ഷ്യവെക്കുന്നു. പരിപാടിയില്‍ സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ല പ്രൊജക്ടറും കോ-ഓര്‍ഡിനേറ്ററുമായ കെ.വി വേണുഗോപാലന്‍ അധ്യക്ഷനായി. അസിസ്റ്റന്‍റ് പ്രോജക്ട് ഡയറക്ടർ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്‌തു.