മലപ്പുറം: കോട്ടക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. കൊൽക്കത്തയിൽ നിന്ന് തിരൂർ വൈലത്തൂരിലേക്ക് തെർമോക്കോൾ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
ലോറിയിലുണ്ടായിരുന്ന സാമഗ്രികളും ലോറിയും പൂർണമായും അഗ്നിക്കിരയായി. ലോറി കത്താൻ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചത്.
ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരായിരുന്നു അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. തീ പിടിത്തമുണ്ടായ ഉടൻ ഇവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഓട്ടോഡ്രൈവർ ലോറിയെ പിൻതുടർന്ന് ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു.
വാഹനം നിർത്തി ലോറിയിലുണ്ടായിരുന്ന രണ്ട് പേരും പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങി. തീപിടിത്തത്തിൽ ലോറി പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Also Read: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു, ആളപായമില്ല