മലപ്പുറം: നിലമ്പൂരിന്‍റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്റ്റേഷന്‍റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകുന്നു. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നാല് നിലകളില്‍ പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ നിലമ്പൂരിലെ വാടകക്ക് പ്രവര്‍ത്തിക്കുന്ന മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാനാകും. നിലമ്പൂര്‍ വെളിയന്തോട് ഗവണ്‍മെന്‍റ് ഐടിഐക്ക് സമീപമാണ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയും ഇതിനോട് ചേര്‍ന്നുള്ള സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അഗ്നിരക്ഷാസേനക്കുള്ള സ്ഥലവും ഇതിന് സമീപം കണ്ടെത്തിയിട്ടുണ്ട്.
നിലമ്പൂരിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി റവന്യു വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സബ് ട്രഷറി, നികുതി, സര്‍വേ ഓഫീസ്, എ.ഇ.ഒ., ഐ.റ്റി.ഡി.പി, എക്‌സൈസ് സര്‍ക്കിള്‍ ആന്‍ഡ് റെയ്ഞ്ച് ഓഫീസുകള്‍, ലീഗല്‍ മെട്രോളജി, ലേബര്‍ ഓഫീസ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, സബ് രജിസ്ട്രാര്‍, താലൂക്ക് ഓഫീസിന്‍റെ ഭാഗമായ തെരഞ്ഞെടുപ്പ് ഓഫീസും റെക്കോര്‍ഡ് റൂമും, താലൂക്ക് എംപ്ലോയ്‌മെന്‍റ് ഓഫീസ്, ജോയിന്‍റ് ആര്‍.ടി.ഓഫീസ്, ഇവിടേക്കാവശ്യമായ കാന്‍റീൻ എന്നിവക്ക് വേണ്ടിയുള്ള ശുപാര്‍ശയാണ് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ളത്. അവ അനുവദിച്ച് ലഭിക്കുന്ന മുറക്ക് അതത് ഓഫീസുകള്‍ക്കായി നല്‍കും.