മലപ്പുറം: കേരളത്തിലെ വിവിധ ജില്ലകളിലായി 16 സ്‌കില്‍ പാർക്കുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. ആദ്യഘട്ടത്തിൽ ഒമ്പത് സ്‌കില്‍ പാർക്കുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. അസാപിന്‍റെ നേതൃത്വത്തിലാണ് ഒമ്പത് സ്‌കില്‍ പാർക്കുകൾ നിർമിച്ചത്. സംസ്ഥാന സർക്കാരിന് കീഴിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും പൊതു വിദ്യാഭ്യാസവകുപ്പിന്‍റെയും സംയുക്ത സംരംഭമായി രൂപീകരിക്കപ്പെട്ട നൈപുണ്യ വികസന പദ്ധതിയാണ് അഡിഷണൽ സ്‌കില്‍ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്).
വിവിധ ജില്ലകളിലായി ഏഴ് സ്‌കില്‍ പാർക്കുകൾ കൂടിയാണ് സ്ഥാപിക്കാനുള്ളത്. ഇതിൽ ജില്ലക്കായി അനുവദിക്കപ്പെട്ട രണ്ടാമത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാർക്കിന്‍റെ നിർമ്മാണോദ്‌ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിലൂടെ പുതിയ തലമുറയുടെ തൊഴിൽക്ഷമത ഉറപ്പാക്കുകയും അതുവഴി തൊഴിലില്ലായ്മ എന്ന സാമൂഹികപ്രശ്നത്തെ ഫലപ്രദമായി പരിഹരിക്കുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെ 2012 മുതൽ പ്രവർത്തിച്ചുവരുന്ന പദ്ധതിയാണ് അസാപ്.