മലപ്പുറം: പ്രദേശത്തുകാരിൽ ആശങ്ക പരത്തി കനോലി കനാലിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നു. തിരൂർ മുറി വഴിക്കൽ ഭാഗത്ത് ബുധനാഴ്ച്ച രാവിലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പുഴ മലിനമായതാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നു.
രാവിലെ കായൽ കരയിൽ ചൂണ്ടയിടാനെത്തിയ നാട്ടുകാരാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതും പകുതി ജീവനായതുമായ മത്സ്യങ്ങളെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിന്‍റെ നിറ മാറ്റവും വെള്ളത്തിൽ നിന്നും അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നതെന്നും കണ്ടെത്തി. മാലിന്യവും മലിനജലവും തള്ളാനുള്ള ഇടമാക്കി കനാലിനെ മാറ്റുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ.
രണ്ട് വർഷം മുമ്പ് തിരൂർ പൊന്നാനി പുഴയിൽ സമാന രീതിയിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് ശേഷമാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് നഗരസഭ തടഞ്ഞത്. എന്നാൽ കുത്തിയൊഴുകുന്ന കനോലി കനാലിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയത് നാട്ടുകാരിലും പരിസ്ഥിതി പ്രവർത്തകരിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്.