മലപ്പുറം: തിരുവാലി സ്വദേശി മൂസക്കുട്ടിയുടെ ആത്മഹത്യക്ക് കാരണം സഹോദരിയുടെ ഭർത്താവും കുടുംബവും സഹോദരിയേയും പിതാവിനേയും പീഡിപ്പിച്ചതിനാലെന്ന് മകൻ്റെ പരാതി.
തിരുവാലി പന്തലിങ്ങൽ ചങ്ങാരായി ഹൗസിൽ മൂസക്കുട്ടി കഴിഞ്ഞ മാസം 23നാണ് ആത്മഹത്യ ചെയ്‌തത്. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവും വീട്ടുകാരുമാണ് ആത്മഹത്യയെന്ന് കാരണമെന്ന് കാട്ടി മകൻ ആസിഫുൽ റിൻഷാദ് വണ്ടൂർ പൊലീസിൽ പരാതി നൽകി. ആത്മഹത്യ ചെയ്യുന്നതിന് മുൻപായി മൂസക്കുട്ടി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് മൂസക്കുട്ടിയുടെ മകൾ ഹിബയുടെ വിവാഹം എടവണ്ണ ഒതായി സ്വദേശിയുമായി നടന്നത്. വിവാഹ സമയത്ത് ഹിബക്ക് 18 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. വിവാഹ സൽക്കാര സമയത്ത് ഹിബക്ക് നൽകിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയി എന്നു പറഞ്ഞ് ഭർത്താവിൻ്റെ പിതാവും ബന്ധുക്കളും വീട്ടിലെത്തി പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മൂസക്കുട്ടി 6 പവനോളം വീണ്ടും നൽകിയതായി റിൽഷാദിൻ്റെ പരാതിയിൽ പറയുന്നു.
നൽകിയ ആഭരണങ്ങൾ ഭർത്താവും മാതാപിതാക്കളും ഹിബയുടെ സമ്മതം കൂടാതെ എടുത്ത് ഉപയോഗിച്ചതായും തുടർന്നും 10 പവൻ ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഹിബയുടെ പ്രസവത്തിന് ശേഷം 40-ാമത്തെ ദിവസത്തെ ചടങ്ങിൻ്റെ തലേ ദിവസം ഭർത്താവും മാതാവും വീട്ടിലെത്തി 10 പവൻ സ്വർണം നൽകിയില്ലെങ്കിൽ വിവാഹബന്ധം വേർപെടുത്തുമെന്നും ഹിബയെ താൽക്കാലിക ഭാര്യയായി മാത്രമേ കരുതിയിട്ടുള്ളൂവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് കഴിഞ്ഞ മാസം 23ന് ടാപ്പിങ്ങ് ജോലിയെടുക്കുന്ന സ്ഥലത്തിന് സമീപത്തായി മൂസക്കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് റിൽഷാദ് പറയുന്നു.
റിൽഷാദിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വണ്ടൂർ പൊലീസ് അറിയിച്ചു.
Also Read: കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ അടിയേറ്റ് 6 വയസുകാരൻ മരിച്ചു