മലപ്പുറം : തേഞ്ഞിപ്പലത്ത് പീഡന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകൻ ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ അറസ്റ്റിലായത്.
പരാതിയെ തുടർന്ന് നേരത്തെ ഹാരിസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. തേഞ്ഞിപ്പലത്ത് ഈ മാസം അഞ്ചിനാണ് യൂണിവേഴ്‌സിറ്റി ആഭ്യന്തര പരാതി സമിതിക്ക് വിദ്യാർഥിനി പരാതി നല്‍കിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്.
നേരിട്ടും ഫോണിലൂടെയും വാട്ട്സ് ആപ്പ് മുഖേനയുമൊക്കെ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് പരാതി നല്‍കുന്നതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.
ALSO READ: ഐഎസ്ആർഒ ഗൂഢാലോചന കേസ് ; നമ്പി നാരായണനെതിരായ ഹർജി തള്ളി കോടതി
അധ്യാപകന്‍ നേരത്തെ ജോലി ചെയ്തിരുന്ന പിഎസ്‌എംഒ കോളജിലെ വിദ്യാർഥിനികളും സമാന അനുഭവം പങ്കുവച്ചെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറി. അന്നുതന്നെ പൊലീസ് കേസെടുക്കുകയും ചെയ്തു.